അരിയില്‍

Saturday, September 27, 2008

കന്യാസ്‌ത്രീകളുടെ പ്രണയം

കന്യാസ്‌ത്രീകളുടെ പ്രണയം പ്രമേയമാക്കിയ ടെലിഫിലിം വിവാദമാകുന്നു
: ദി ലാസ്റ്റ്‌ ലീഫ്‌ ടെലിഫിലിം വിവാദമാകുന്നു. ഷെറി രചനയും സംവിധാനവും നിര്‍വ്വഹിച്ച ടെലിഫിലിം കന്യാസ്‌ത്രീകളായ നോറയുടെയും സ്‌നേഹയുടെയും കഥയാണ്‌ പറയുന്നത്‌. രോഗിയായ നോറ സദാ മരണത്തെ ഇഷ്‌ടപ്പെടുന്നു. മഠത്തില്‍ പുതുതായി എത്തുന്ന സിസ്റ്റര്‍ സ്‌നേഹയുമായുള്ള സൗഹൃദം ജീവിതത്തെ പ്രണയിക്കാന്‍ നോറയെ പ്രേരിപ്പിക്കുകയാണ്‌. തളിപ്പറമ്പ്‌ രാജന്‍ നിര്‍മിച്ച ഈ ടെലിഫിലിം ഉടന്‍ നിരോധിക്കണമെന്ന്‌ റിലീജിയന്‍സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ കണ്ണൂര്‍ യൂനിറ്റ്‌ ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ ഒരു കന്യാമഠത്തില്‍ നടന്നതായി പറയപ്പെടുന്ന സംഭവത്തെയും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്‌ പി. ശ്രീദേവിയുടെ പരാമര്‍ശങ്ങളെയും ആധാരമാക്കി നിര്‍മിച്ച ഈ ടെലിഫിലിം വിശ്വാസനിഷ്‌ഠിത മൂല്യങ്ങളെ കരിവാരിത്തേക്കാനുള്ള ആയുധമാക്കി ചിലര്‍ മാറ്റുകയാണെന്ന്‌ യൂനിറ്റ്‌ പ്രസിഡണ്ട്‌ സിസ്റ്റര്‍ ജാനറ്റ്‌, ഡോ. സിസ്റ്റര്‍ ട്രീസ എന്നിവര്‍ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. ശാന്തദേവി, ദീപ, സുമി, കെ.സി. വര്‍ഗീസ്‌ എന്നിവരഭിനയിച്ച ടെലിഫിലിമിന്റെ ഛായാഗ്രഹണം ക്രിസ്റ്റി ജോര്‍ജാണ്‌. കന്യാസ്‌ത്രീ സമൂഹത്തിന്റെ വിലപ്പെട്ട സേവനങ്ങളെ തേജാവധം ചെയ്യുകയാണ്‌ ടെലിഫിലിമിലൂടെ എന്ന്‌ ഇവര്‍ പറഞ്ഞു. ഏതോ ഒരു കന്യസ്‌ത്രീയുടെ ജനഹീനത മൂലമുണ്ടായ സംഭവത്തെ ഉയര്‍ത്തിപ്പിടിച്ച്‌ കന്യാസ്‌ത്രീകളെയും മഠങ്ങളെയും കുറ്റവാളികളാക്കി ചിത്രീകരിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണ്‌. ഇത്‌ നീതിക്ക്‌ നിരക്കുന്നതല്ലെന്ന്‌ ഇവര്‍ അഭിപ്രായപ്പെട്ടു.

റെയിഞ്ചു കിട്ടാത്തത്‌ പുറത്തുള്ളവര്‍ക്ക്‌!


ജാമര്‍ ജയിലിനകത്ത്‌ റെയിഞ്ചു കിട്ടാത്തത്‌ പുറത്തുള്ളവര്‍ക്ക്‌!

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിനകത്ത്‌ മൊബൈല്‍ ഫോണ്‍ ജാമറുകള്‍ സ്ഥാപിച്ച തടവുകാര്‍ക്ക്‌ പ്രയോജനപ്രധമാകുന്നില്ലെങ്കിലും ജയിലിനു പുറത്ത്‌ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ ദുരിതത്തിലായി. നാല്‍പത്‌ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്‌ ജയിലിനകത്ത്‌ ജാമറുകള്‍സ്ഥാപിച്ചത്‌. തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ ജാമറുകളില്‍ ഉപ്പു നിറച്ചും മറ്റു സംവിധാനങ്ങളുപയോഗിച്ചും തടവുകാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തുടര്‍ന്നു. ജയിലിന്റെ പല ഭാഗങ്ങളിലും നല്ല റെയിഞ്ചുണ്ട്‌. എന്നാല്‍ ജയിലിന്റെ അതിര്‍ത്തി പഞ്ചായത്തുകളായ പുഴാതി, പള്ളിക്കുന്ന്‌, ചിറക്കല്‍ എന്നിവിടങ്ങളിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ റെയിഞ്ച്‌ കിട്ടാതെ വിഷമിക്കുകയാണ്‌. ഇവരുടെ ദൈനംദിന ജീവിതത്തിന്റെ താളം തന്നെ തെറ്റുകയാണ്‌. ബി.എസ്‌.എന്‍.എല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങി ഒരു കമ്പനിയുടെയും ഫോണിനും റെയിഞ്ചു കിട്ടുന്നില്ല. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന്‌ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ അന്വേഷണം നടത്തിയപ്പോയാണ്‌ ജയിലിനകത്ത്‌ സ്ഥാപിച്ച ജാമറുകളാണ്‌ വില്ലനെന്ന്‌ ബോധ്യമായത്‌. ഗവര്‍മെന്റിന്‌ പ്രസിനു മുന്നില്‍ ഒരു സ്ഥപനമാരംഭിച്ച യുവാവ്‌ മൊബൈല്‍ ഫോണിന്‌ റെയിഞ്ച്‌ കിട്ടാതെ ബിസിനസ്‌ അവതാളത്തിലായപ്പോയാണ്‌ മൊബൈല്‍ കമ്പനിയെ പരാതിയുമായി സമീപിച്ചത്‌. ജാമറിനെ പ്രതിയോഗിക്കാനുള്ള സംവിധാനം തേടി നടക്കുകയാണ്‌ ഈ യുവാവ്‌. ജയിനികത്ത്‌ കിടക്കുന്ന കുറ്റവാളികള്‍ക്കും വിചാരണ തടവുകാര്‍ക്കും വേണ്ടി തങ്ങളെന്തിന്‌ ദുരിതമനുഭവിക്കുന്നുവെന്നാണ്‌ പൂഴാതി, ചിറക്കര, പള്ളിക്കുന്ന്‌ ഭാഗങ്ങളിലുള്ളവരുടെ ചോദ്യം.

വര്‍ഷത്തിനകം പരിഹരിക്കും


.നഴ്‌സിങ്ങ്‌ മേഖഊ്‌രശലയിലെ ഫാക്കല്‍റ്റി ക്ഷാമം ഒരു വര്‍ഷത്തിനകം പരിഹരിക്കും:

: സംസ്ഥനത്ത്‌ നഴ്‌സിങ്ങ്‌ മേഖലയിലുള്ള ഫാക്കല്‍റ്റികളുടെ ക്ഷാമം ഒരു വര്‍ഷത്തിനകം പരിഹരിക്കുമെന്ന്‌ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ ടൗണ്‍ ഹാളില്‍ എ.കെ.ജി. സ്‌മാരക സഹകരണാസ്‌പത്രിക്ക്‌ കീഴിലുള്ള ബി.എസ്‌.സി. നഴ്‌സിങ്ങ്‌ കോളജ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംസ്ഥാനത്ത്‌ ആയിരം നഴ്‌സുമാരെ ഒരു വര്‍ഷത്തിനകം നിയമിക്കുമെന്ന്‌ അവര്‍ പറഞ്ഞു. നഴ്‌സിങ്ങ്‌ വിദ്യാഭ്യാസ മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍#്‌തതനമാണ്‌ നടക്കുന്നത്‌. നഴ്‌സിങ്ങ്‌ സര്‍വകലാശാലക്ക്‌ കീഴില്‍ എല്ലാ വിഭാഗം നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളും അണിനിരത്താനാണ്‌ ശ്രമം. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി.കെ. തങ്കമണി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കെ. നാരായണന്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ പ്രൊഫ. കെ. കുഞ്ഞികൃഷ്‌ണന്‍, നഗരസഭ ചെയര്‍മാന്‍ ബി.പി. ഫാറൂഖ്‌, ഹോസ്‌പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഇ. നാരായണന്‍, നഴ്‌സിങ്ങ്‌ എഡുക്കേഷന്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ സലോമി ജോര്‍ജ്‌, പരിയാരം മെഡിക്കല്‍ കോളജ്‌ ചെയര്‍മാന്‍ ടി. ഗോവിന്ദന്‍ മാസ്റ്റര്‍, പൂഴാതി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പനയന്‍ ഉഷ, എ.പി. കുട്ടികൃഷ്‌ണന്‍, പി.വി. ബാലകൃഷ്‌ണന്‍ മാസ്റ്റര്‍, ഡോ. കെ.പി. ബാലകൃഷ്‌ണ പൊതുവാള്‍ പ്രസംഗിച്ചു. എന്‍. രാമചന്ദ്രന്‍ സ്വാഗതവും എം. പ്രകാശന്‍ നന്ദിയും പറഞ്ഞു.

ഉഠോബാബ



ഉഠോബാബകണ്ണൂര്‍ മക്കാനിയിലെത്തി

കണ്ണൂര്‍: ആന്ധ്ര ചിത്തൂര്‍ സ്വദേശി സമീര്‍ ഹുസൈന്‍ കഴിഞ്ഞ 35 വര്‍ഷത്തെ ശീലം തെറ്റിക്കാതെ കണ്ണൂര്‍ മക്കാനിയിലെത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മക്കാനിയില്‍ ഖബറടക്കിയ ഉമ്മാമയ്‌ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും നഗരത്തിലെ വിശ്വാസികളെ അത്താഴത്തിനുണര്‍ത്താനും കണ്ണൂരില്‍ അത്താഴത്തിന്‌ മുട്ടി ഉണര്‍ത്തുന്നതിനാല്‍ ഉഠോബാബയെന്നും തളിപ്പറമ്പ, പയ്യന്നൂര്‍ ഭാഗങ്ങളില്‍ ദയര എന്നും അറിയപ്പെടുന്ന ബാബമാര്‍ മദ്‌ഹ്‌ പാടി നീങ്ങുകയാണ്‌. ഉള്ളാളം സയ്യിദ്‌ മദനിയാ ഔലിയാ ഷാഹുലമീദ്‌...കണ്ണൂര്‍, തളിപ്പറമ്പ, തലശ്ശേരി ഭാഗങ്ങളിലാണ്‌ ആന്ധ്രയില്‍ നിന്ന്‌ നേരത്തെ ഉഠോ ബാബമാര്‍ എത്തിയത്‌. എന്നാല്‍ കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 25 പേര്‍ എത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം എത്തിയത്‌ ഏഴു പേരാണ്‌. അറക്കല്‍ രാജവംശത്തിന്റെ കാലത്തു തന്നെ ഉഠോബാബമാര്‍ കണ്ണൂരിലെത്തിയിരുന്നു. വിശ്വാസികളെ അത്താഴത്തിനു വിളിച്ചുണര്‍ത്തുന്ന ഉഠോബാബമാര്‍ചില ദിവസങ്ങള്‍ കണ്ണൂര്‍ ചാലാട്‌ ഭാഗത്തുമാത്രമാണ്‌ അത്താഴമുട്ടാനെത്തിയത്‌.കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടെ എത്തിയ അബ്‌ദുല്‍ അസീസ്‌ ഈ വര്‍ഷം എത്തിയിട്ടില്ല. മൗലാനാ സാഹിബ്‌, താജ്‌, അബ്‌ദുല്‍ ഖാദര്‍ മക്കാനിക്കാര്‍ക്ക്‌ സുപരിചിതമായ പല പേരുകളും ഈ വര്‍ഷമെത്തിയില്ല. ഇതിനാലാണ്‌ കഴിഞ്ഞ കാലങ്ങളെ പോലെ അത്താഴം മുട്ടാനാവാത്തതെന്ന്‌ ഹുസൈന്‍ അബീര്‍ പറഞ്ഞു. ദഖ്‌നി മുസ്‌ലിം മക്കാനിയില്‍ ഒരുക്കിയ വഴിയോര സത്രത്തിലാണ്‌ ഉഠോബാബമാരുടെ താമസം. ഈദുല്‍ഫിത്വര്‍ കഴിഞ്ഞ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിയ ബാബമാര്‍ മക്കാനിയിലെത്തി കബാലിയും, ബൈത്തും ചൊല്ലിയാണ്‌ പിരിയാറ്‌. പൂര്‍വ്വികര്‍ തുടങ്ങിവെച്ച ഈ ശീലം മാറ്റമില്ലാതെ ഇവരും തുടരുമെന്ന്‌. ഹുസൈന്‍ അമീര്‍ പറഞ്ഞു

Friday, September 26, 2008

പരിയാരം മെഡിക്കല്‍ സെമിനാര്‍


പരിയാരം മെഡിക്കല്‍ കോളേജിന്‌എന്‍.ബി.എച്ച്‌.എം പദവി: സെമിനാര്‍

: പരിയാരം മെഡിക്കല്‍ കോളേജിന്‌ എന്‍.ബി.എച്ച്‌.എം (നാഷണല്‍ അക്രിസേഷന്‍ ബോര്‍ഡ്‌ ഫോര്‍ ഹോസ്‌പിറ്റല്‍ പ്രൊവൈസര്‍) പദ്ധതി നേടിക്കൊടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളജും ക്വാളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയും ആക്‌മേ കണ്‍സള്‍ട്ടിംഗ്‌ ചേര്‍ന്ന്‌ നടത്തുന്ന നാഷണല്‍ സെമിനാര്‍ ഇന്ന്‌ പരിയാരം മെഡിക്കല്‍ കോളജില്‍ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.9.30ന്‌ സഹകരണ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ നടക്കുന്ന സെമിനാറില്‍ പ്രൊഫ. ഗിരിധര്‍ ജെഗിലാനി (ഡി.ഇ.ഒ ജന.സെക്രട്ടറി ക്വാളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ), ഡോ. തൂപ്പില്‍ വെങ്കിടേഷ്‌ (അഡ്വാസര്‍ സെന്റ്‌ജോണ്‍സ്‌ നാഷണല്‍ അക്കാദമി ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സ്‌), ഡോ. കിഷോര്‍ മൂര്‍ത്തി, സീനിയര്‍ എന്‍.എ.ബി.എച്ച്‌. അസ്സസര്‍, ജി.എസ്‌. രാജേന്ദ്രകുമാര്‍, വൈസ്‌ പ്രസിഡണ്ട്‌ ആക്‌മേ കണ്‍സള്‍ട്ടിംഗ്‌, സി.കെ. ജോസഫ്‌, കണ്‍സള്‍ട്ടന്റ്‌, ആക്‌മേ കണ്‍സള്‍ട്ടിംഗ്‌ എന്നിവര്‍ പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.ഇന്ത്യയില്‍ ആകെ 19 ആസ്‌പത്രികള്‍ക്ക്‌ മാത്രമെ ആതുര ചികില്‍സ സ്ഥാപനങ്ങളുടെ ഐ.എസ്‌.ഐ സര്‍ട്ടിഫിക്കറ്റായി കരുതുന്ന എന്‍.എ.ബി.എച്ച്‌. സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുള്ളൂവെന്ന്‌ സംഘാടകര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ കിംഗ്‌, മിംസ്‌, ലക്ഷോര്‍, ബേബി മെമ്മോറിയല്‍ എന്നീ ആസ്‌പത്രികള്‍ക്ക്‌ മാത്രമാണ്‌ ഈ സര്‍ട്ടിഫിക്കറ്റുള്ളത്‌.

Thursday, September 25, 2008

മയക്കുമരുന്നുവ്യാപാരം


ഡ്രഗ്‌ ലൈസന്‍സിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്നുവ്യാപാരം

കണ്ണൂരി: ഡ്രഗ്‌ ലൈസന്‍സിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്നുവ്യാപാരം നടത്തിയ കടയുടമയെ ടൗണ്‍ സി ഐ പി പി സദാനന്ദനും സംഘവും വലയിലാക്കി. കണ്ണൂരിലെ ജീനിയസ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ഉടമ ശശിധരനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളുടെ വീട്ടില്‍ നിന്ന്‌ നിയമവിരുദ്ധമായി സ്റ്റോക്കുചെയ്‌ത 761 ആംപ്യൂള്‍ `പെന്റാ സൊസൈന്‍' എന്ന മരുന്നും പിടികൂടിയിട്ടുണ്ട്‌. നാര്‍കോട്ടിക്‌ ഡ്രഗ്‌സ്‌ ആന്റ്‌ സൈക്കോട്രോപിക്‌ സബ്‌സ്റ്റന്‍സ്‌ ആക്‌ട്‌ പ്രകാരം മയക്കുമരുന്നായി ലിസ്റ്റുചെയ്‌തതാണ്‌ ഇത്‌. ക്രോണിക്‌ കാന്‍സര്‍ രോഗികള്‍ക്കും മറ്റും വേദനസംഹാരിയായി നല്‍കുന്ന ഈ മരുന്ന്‌ `ട്രിപ്പിള്‍ പ്രിസ്‌ക്രിപ്‌ഷന്‍' കൊണ്ടുമാത്രമേ വാങ്ങാന്‍ കഴിയൂവെന്ന്‌ സി ഐ വ്യക്തമാക്കി.ഇന്നലെ രാവിലെ തളിപ്പറമ്പില്‍ വെച്ച്‌ ഇരിട്ടി സ്വദേശിയായ സുമേഷ്‌ (32) എന്ന യുവാവിനെ തളിപ്പറമ്പ്‌ എസ്‌ ഐ അബ്‌ദുറഹീമും സംഘവും അറസ്റ്റുചെയ്‌തിരുന്നു. ഇയാളില്‍ നിന്ന്‌ 680 ആംപ്യൂള്‍ സോസിന്‍ എന്ന മയക്കുമരുന്ന്‌ പിടികൂടിയിരുന്നു. സാധാരണ ആശുപത്രി, ഡോക്‌ടര്‍മാര്‍, ഫാര്‍മസി എന്നിവര്‍ക്കുമാത്രമേ മരുന്നുവില്‍ക്കാറുള്ളൂ. എന്നാല്‍ മുമ്പ്‌ കള്ളനോട്ടുകേസിലും മയക്കുമരുന്നുകേസിലും പ്രതിയായിട്ടുള്ള സുമേഷിന്‌ മരുന്ന്‌ലഭ്യമായത്‌ വന്‍ സ്വാധീനമുള്ള റാക്കറ്റുവഴിയാണെന്നുള്ള സംശയത്തെ തുടര്‍ന്ന്‌ ചോദ്യം ചെയ്‌തപ്പോള്‍ കണ്ണൂരിലെ ജീനിയസ്‌ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ശശിധരനാണ്‌ മരുന്ന്‌ വിതരണം ചെയ്‌തതെന്ന്‌ വ്യക്തമായി. ഇതിനെതുടര്‍ന്ന്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ സി ഐ പി പി സദാനന്ദനും സംഘവും ശശിധരന്റെ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ റെയ്‌ഡ്‌ ചെയ്‌തെങ്കിലും മരുന്ന്‌ കണ്ടെത്താനായില്ല. പിന്നീട്‌ ശശിധരന്റെ വീട്‌ സര്‍ച്ച്‌ ചെയ്‌തപ്പോഴാണ്‌ മരുന്നിന്റെ വന്‍ശേഖരം കണ്ടെത്താന്‍ കഴിഞ്ഞത്‌. സി ഐയോടൊപ്പം ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്‌ടര്‍ നാരായണനും പരിശോധനയില്‍ പങ്കെടുത്തു.

മൊഞ്ചുള്ള കൈകളില്‍മൈലാഞ്ചിയിട്ടവര്‍....


മൊഞ്ചുള്ള കൈകളില്‍മൈലാഞ്ചിയിട്ടവര്‍....

പഴയങ്ങാടി: മൊഞ്ചുള്ള കൈകളില്‍ മൈലാഞ്ചി ഇട്ട്‌ പുതിയങ്ങാടി ജമാഅത്ത്‌ ഹൈസ്‌കൂളിലെ മങ്കമാര്‍ മൈലാഞ്ചി ഉല്‍സവ്‌ 08ല്‍ ശ്രദ്ധേയമായി.സ്‌കൂളിലെ ചിത്രകലാധ്യാപകനും പ്രശസ്‌ത ശില്‍പിയുമായ കെ.ആര്‍.വെങ്ങരയുടെ നേതൃത്വത്തിലാണ്‌ മൈലാഞ്ചി ഉല്‍സവമെന്ന മൈലാഞ്ചിയണിയല്‍ മല്‍സരം സംഘടിപ്പിച്ചത്‌.പരസ്‌പര സൗഹാര്‍ദ്ദത്തിന്റെ വേരുകള്‍ ഊട്ടിയുറപ്പിക്കുന്നതിന്‌ നാടന്‍ കലയുടെ ഗണത്തില്‍പെടുത്തിയുമാണ്‌ മൈലാഞ്ചിയണിയല്‍ മല്‍സരം നടത്തിയത്‌. മൈലാഞ്ചി ഇലകള്‍ അരച്ചെടുത്ത്‌ കൈകള്‍ മുഴുവനായി അണിഞ്ഞ കാലത്തില്‍ നിന്നും മാറി വിപണിയില്‍ ലഭ്യമായ മൈലാഞ്ചി കോണുകള്‍ ഉപയോഗിച്ച്‌ തങ്ങളുടെ ഭാവനയനുസരിച്ചുള്ള ഡിസൈനുകള്‍ തീര്‍ക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ താല്‍പര്യത്തോമാണ്‌ പ്രകടിപ്പിച്ചത്‌. സ്‌കൂളിലെ 160 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തപ്പോള്‍ അവരില്‍ ആണ്‍കുട്ടികളും മല്‍സരത്തില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുവാനെത്തിയിരുന്നു. വിവാഹാഘോഷ വേളകളില്‍ പുതിയ പെണ്ണിനെ മൈലാഞ്ചിയണിയിക്കുവാന്‍ ബ്യൂട്ടിഷ്യന്‍മാരെ തേടുന്ന കാലത്ത്‌ കൂട്ടുകാരുടെ കൈകളില്‍ ഭാവനയുടെ പുത്തന്‍ രേഖാചിത്രങ്ങള്‍ തീര്‍ത്ത്‌ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്നറിയിക്കുകയായിരുന്നു മൈലാഞ്ചി ഉല്‍സവ്‌ 08-ലൂടെ.

Wednesday, September 24, 2008

കണ്ണൂര്‍ സിറ്റിയില്‍ രണ്ട്‌ പൈപ്പ്‌ ബോംബ്‌




കണ്ണൂര്‍ സിറ്റിയില്‍ രണ്ട്‌ പൈപ്പ്‌ ബോംബ്‌


കണ്ടെത്തികണ്ണൂര്‍: സിറ്റിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന്‌ രണ്ട്‌ പൈപ്പ്‌ ബോംബ്‌ കണ്ടെത്തി. സിറ്റി ദീനുല്‍ ഇസ്‌ലാം സഭക്ക്‌ സമീപം അഹമ്മദിയാ ജമാഅത്തിന്റെ കൈവശമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ്‌ ഇന്നലെ രാവിലെ സിറ്റി പോലീസ്‌ ബോംബുകള്‍ കണ്ടെത്തിയത്‌. ചൊവ്വാഴ്‌ച രാത്രി സ്‌ഫോടന ശബ്‌ദം കേട്ട്‌ പരിഭ്രാന്തരായ സമീപവാസികള്‍ ഇന്നലെ കാലത്ത്‌ നടത്തിയ പരിശോധനയിലാണ്‌ ബോംബുകല്‍ കണ്ടെത്തിയത്‌. ഒന്നര ഇഞ്ച്‌ പി.വി.സി. പൈപ്പിനുള്ളിലാണ്‌ ബോംബ്‌. പതിനഞ്ച്‌ സെന്റീമീറ്റര്‍ നീളമുള്ള പൈപ്പിന്റെ ഇരു ഭാഗവും അടച്ചിട്ടുണ്ട്‌. ബോംബ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിവമറിയിച്ചതിനനുസരിച്ച്‌ സ്ഥലത്തെത്തിയ സിറ്റി പോലീസും ബോംബ്‌ സ്‌ക്വാഡും ചേര്‍ന്ന്‌ പരിശോധന നടത്തി ബോംബ്‌ നിര്‍വീര്യമാക്കി. സ്‌ഫോടക വസ്‌തു നിയമ പ്രകാരം കേസെടുത്ത്‌ അന്വേഷണം നടത്തുന്നു. എന്നാല്‍ ചൊവ്വാഴ്‌ച രാത്രി സ്‌ഫോടന ശബ്‌ദം കേട്ടുവെന്നത്‌ ശരിയല്ലെന്നും സ്‌ഫോടനത്തിന്റെ അവശിഷ്‌ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സിറ്റി പോലീസ്‌ പറഞ്ഞു.

ലോറികളിവിടെ പ്രതിസന്ധിയിലാണ്‌ ഇവിടെ

ലോറികളിവിടെ പ്രതിസന്ധിയിലാണ്‌ ഇവിടെ
: ഡീസല്‍ അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റം കാരണം മലയോരത്ത്‌ ലോറിയുടമകള്‍ പ്രതിസന്ധിയില്‍. സിമന്റ്‌, കല്ല്‌, പൂഴി ഒപ്പം കൂലിയും ഇരച്ചുകയറിയതോടെ ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ കെട്ടിട നിര്‍മ്മാണം നിലച്ചത്‌ മലയോരത്തെ നൂറുകണക്കിന്‌ ലോറികളെ ശരിക്കും ബാധിച്ചു. അടുത്ത കാലത്തായി പെട്രോള്‍, ഡീസല്‍, വാഹന സാമഗ്രികളുടെ വിലക്കയറ്റവും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്‌. പലവിതമുള്ള ലൈസന്‍സ്‌ ഫീസുകളും ഒപ്പം റോഡുകളുടെ തകര്‍ച്ചയും ലോറിയുടമകളെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയിട്ടുള്ളത്‌. ലോറികള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലമില്ലാതെ ഇന്നും ഇരിട്ടി പഴയ ബസ്‌സ്റ്റാന്റിന്റെ പരിസരത്താണ്‌ പാര്‍ക്ക്‌ ചെയ്യുന്നത്‌. ലോറി സ്റ്റാന്റിന്‌ വേണ്ടി ലക്ഷങ്ങള്‍ മുടക്കി സ്ഥലം വാങ്ങി സ്റ്റാന്റ്‌ പണി ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ഇന്നും അനാഥമായി കിടക്കുന്നു. ഇവിടെ ഇപ്പോള്‍ നാടോടി കൂട്ടങ്ങള്‍ താമസത്തിന്‌ വേണ്ടി പിടിച്ചടക്കിയിരിക്കുകയാണ്‌.ഈ നില തുടര്‍ന്നാല്‍ വരുംകാലങ്ങളില്‍ മിനിലോറികള്‍ വിറ്റ്‌ ഇവര്‍ പുതിയ മേച്ചില്‍പുറം തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌.

Tuesday, September 23, 2008

സ്രാവ്‌ പിടിയിലായി.

സ്രാവ്‌ വലക്കാരുടെ പിടിയിലായി.
സ്വന്തം ലേഖകന്‍തലശ്ശേരി: രണ്ടര ടണ്‍ തൂക്കം വരുന്ന പുള്ള്യന്‍ സ്രാവ്‌ വലക്കാരുടെ പിടിയിലായി. ചാലില്‍ ഗുരുക്കള്‍ വീട്ടില്‍ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള `തൊഴിലാളി' തോണിയില്‍ തലശ്ശേരി കടലില്‍ മല്‍സ്യബന്ധനത്തിന്‌ പോയ മൂന്നുപേരാണ്‌ ഒഴുക്കുവലയില്‍ സ്രാവിനെ പിടികൂടിയത്‌. തലശ്ശേരി കടലില്‍ ഇതാദ്യമായാണ്‌ ഇത്രയും തൂക്കമുള്ള സ്രാവിനെ പിടികൂടുന്നത്‌. വിവരമറിഞ്ഞ്‌ സ്രാവിനെ കാണാന്‍ കടപ്പുറത്ത്‌ ആളുകള്‍ തടിച്ചുകൂടി.മല്‍സ്യബന്ധന തൊഴിലാളികളായ പി.പി. അലി, മണി മമ്മദ്‌, കോഴിക്കോട്‌ മമ്മദ്‌ എന്നിവരാണ്‌ സാഹസികമായി പുള്ള്യന്‍ സ്രാവിനെ വലയിലാക്കിയത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ച്‌ മണിയോടെയാണ്‌ സ്രാവിനെ കരക്കെത്തിച്ചത്‌. തലശ്ശേരിയിലെ മൊത്ത ഉണക്ക മല്‍സ്യ വ്യാപാരി സി.എം. അലി ഹാജി സ്രാവിനെ കച്ചവടമാക്കി. കൂറ്റന്‍ സ്രാവുകള്‍ വലയിലകപ്പെടാറുണ്ടെങ്കിലും ചിലത്‌ തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയാണ്‌ പതിവ്‌

ഇവര്‍ നോമ്പുകാരാണ്‌ കെട്ടാ

ഇവര്‍ നോമ്പുകാരാണ്‌ കെട്ടാ
കണ്ണൂര്‍: സമയം: 6.26. മഗ്‌രിബ്‌ ബാങ്ക്‌ വിളിക്ക്‌ കാതോര്‍ത്തിരിക്കുന്ന നിരവധി മുസ്‌ലിം സഹോദരങ്ങളെപോലെ ബീനയും പ്രിയയും ശശികലയും നീതുവും ഷിജയും കാത്തിരിപ്പിലാണ്‌. പുലര്‍ച്ചെ നാലിന്‌ പള്ളിമിനാരങ്ങളില്‍ നിന്ന്‌ അത്താഴത്തിന്‌ ഓര്‍മ്മപ്പെടുത്തുമ്പോഴും ഇവരും നിങ്ങളെപ്പോലെ അത്താഴത്തിനെഴുന്നേല്‍ക്കും.തളിപ്പറമ്പ്‌ രാജധാനി സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ ഇവര്‍ക്കും നോമ്പ്‌ ഒരനുഷ്‌ഠാനമാണ്‌. സഹപ്രവര്‍ത്തകരായ മുസ്‌ലിംങ്ങള്‍ നോമ്പ്‌ എടുക്കുന്നതുകണ്ട്‌ ആവേശത്തില്‍ ഇവരും നോമ്പ്‌ എടുക്കാന്‍ തുടങ്ങിയത്‌്‌. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇതൊരു ആചാരം പോലെ ഇവരിത്‌ കൊണ്ടാടുന്നു.സഹപ്രവര്‍ത്തകര്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി വ്രതമനുഷ്‌ഠിക്കുമ്പോള്‍ എങ്ങനെ ഭക്ഷണം കഴിക്കുമെന്ന തോന്നലുകളാണിവരെ വ്രതമെടുക്കാന്‍ പ്രേരിപ്പിച്ചത്‌. ഓണ നാളുകളായതിനാല്‍ ആദ്യം ചില നോമ്പുകള്‍ ഒഴിവാക്കിയിരുന്നെങ്കിലും പിന്നീടുള്ള എല്ലാ നോമ്പുകളും ഇവര്‍ എടുത്തിട്ടുണ്ട്‌. സഹപ്രവര്‍ത്തകരുടെ പ്രോല്‍സാഹനവും കടയുടമ അബ്‌ദുല്‍ ഖാദറിന്റെ പിന്തുണയും കൂടെയായപ്പോള്‍ ഇവര്‍ക്കും നോമ്പ്‌ സാഫല്യമായി.അതിരാവിലെ മുതല്‍ മുസ്‌ലിം പള്ളിയില്‍ നിന്ന്‌ അത്താഴത്തിനുള്ള വിളി കേള്‍ക്കുമ്പോള്‍ ഇവര്‍ ഉണര്‍ന്ന്‌ ഭക്ഷണം കഴിക്കും. ബാങ്ക്‌ വിളി കേള്‍ക്കാത്ത പ്രദേശത്തെ ബീന അലാറം വെച്ചാണ്‌ ഉണരാറ്‌.വൈകീട്ട്‌ സഹപ്രവര്‍ത്തകരോടൊപ്പം ഇവര്‍ക്കായി നോമ്പുതുറയും ഒരുക്കിയിട്ടുണ്ടെന്ന്‌ ഉടമ ചെങ്ങളായിലെ അബ്‌ദുല്‍ ഖാദര്‍ പറഞ്ഞു.ആദ്യം നോമ്പെടുക്കാന്‍ ബീനക്കാണ്‌ തോന്നിയത്‌. ആദ്യദിനം നോമ്പെടുത്തുവന്ന ഇവര്‍ സഹപ്രവര്‍ത്തകര്‍ക്ക്‌ ആവശം പടര്‍ന്നു നല്‍കിയതോടെ മറ്റുള്ളവരും നോമ്പെടുക്കുകയായിരുന്നു. വരും വര്‍ഷങ്ങളിലും തങ്ങള്‍ നോമ്പെടുക്കുമെന്നും വിശപ്പിന്റെ വേദന മനസ്സിലാക്കാനും പാവപ്പെട്ടവന്റെ ദുരിതങ്ങള്‍ അറിയാനും ഇതൊരു നിയോഗമാണെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ കൂടെ സഹപ്രവര്‍ത്തകനായ ഹിന്ദു സുഹൃത്ത്‌ അനിലും നോമ്പെടുക്കുന്നുണ്ട്‌.

About Me

My photo
കണ്ണൂര്‍, കേരള, India
hhgjhgh